ഞങ്ങളുടെ കോളേജില്‍ എ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റ് 'ആര്‍ദ്രം' പദ്ധതിയുടെ ഭാഗമായുള്ള ഗൃഹ സന്ദര്‍ശനം ജൂലൈ മാസം ഏഴ് വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്. ആറാം തിയതി വൈകിട്ടാണ് ഞങ്ങളുടെ പ്രോഗ്രാം ഓഫീസറായ ബിജിത് സാറിന്റെ മെസേജ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശ്രദ്ധിച്ചത്. 'നമ്മുടെ പദ്ധതിയാണ്, നാളെ നമുക്കു വീടുകള്‍ സന്ദര്‍ശിക്കാന്‍ പേകാം', എന്ന്. മഴയുടെ കാര്യണ്യത്തില്‍ വെറുതെ വീണുകിട്ടിയ അവധിയുടെ ആലസ്യത്തില്‍ ഒന്നും ആലോചിക്കാതെ 'ഒകെ സാര്‍' പറഞ്ഞു. ആ ആഴ്ചയിലെ അതുവരെയുള്ള ദിവസങ്ങള്‍ അവധിയായിരുന്നതു കൊണ്ടുതന്നെ കൃത്യമായ പ്ലാനിംഗ് നടത്താനും ചോദിച്ചറിയാനും കഴിഞ്ഞിരുന്നില്ല. എന്നാലും അവധിയാണെങ്കിലും ഇല്ലെങ്കിലും വീടുകള്‍ സന്ദര്‍ശിക്കാന്‍ പോകുമെന്ന സാറിന്റെ രണ്ടാമത്തെ മെസേജ് കൂടി കണ്ടതോടെ എന്തായാലും നാളെത്തെ വണ്ടി കയറാന്‍ തന്നെ തീരുമാനിച്ചു. വണ്ടിയെന്നു പറഞ്ഞാല്‍ രാവിലെ ഏകദേശം ഒന്നരമണിക്കൂര്‍ ബസില്‍ യാത്ര ചെയ്തിട്ടു വേണം എനിക്കു കോളേജില്‍ എത്താന്‍. തലേന്നു മാനം തെളിഞ്ഞതോടെ വെള്ളിയാഴ്ച ക്ലാസ് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടി വന്നില്ല. എന്നാലും ആദ്യമായി ഇങ്ങനെ ഒരു ഗൃഹ സന്ദര്‍ശനം നടത്തുമ്പോള്‍ എന്തായിരിക്കും അനുഭവം എന്നത് ഒരു വിഷയമായിരുന്നു... പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ചെയ്യാന്‍ വന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അതുല്‍ ജോസഫ് മാനുവല്‍ സാറിന്റെയും ജില്ലാ കോര്‍ഡിനേറ്റര്‍ റോണി ജോണ്‍ സാറിന്റെയും ക്ലാസില്‍നിന്നു കിട്ടിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഒന്നുകൂടി മനസില്‍ ഓര്‍ത്തുവെച്ചു. ആദ്യമായിട്ടാണല്ലോ ഇത്തരത്തില്‍ കുറച്ചു ആളുകളെ കാണാന്‍ പോകുന്നത്. എന്തായാലും വെള്ളിയാഴ്ച രാവിലെ തന്നെ ഗ്രൂപ്പില്‍ ഗൃഹ സന്ദര്‍ശനം നടത്താന്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ച കുറച്ചു പേര്‍ മാത്രം ഇന്നുപോയാല്‍ മതിയെന്ന ബിജിത് സാറിന്റെ മെസേജ് കണ്ടപ്പോള്‍ എന്നാല്‍പിന്നെ ഈ കാര്യം അടുത്ത തവണത്തേക്കു മാറ്റിയാലോ എന്നൊരു ചിന്ത മനസില്‍വന്നിരുന്നു എന്നത് സത്യം. എന്തായാലും പോകുന്നവരുടെ ലിസ്റ്റ് കൊടുക്കാന്‍, സാറിനെ കാണാന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്ലാസില്‍ ചെന്നപ്പോ സാര്‍ പറയുവാ... മിന്നത്തേ നീ കൂടി പോകണം... എനിക്ക് അടുത്ത അവര്‍ കൂടി ക്ലാസ് ഉണ്ടേ... അതിനുശേഷം ഞാന്‍ നിങ്ങളെ വിളിച്ചിട്ട് അവിടെ എത്താം എന്ന്. പിന്നെ ഒന്നു സംശയിച്ചില്ല എന്തായാലും തീരുമാനിച്ചതല്ലേ അങ്ങ് പോവുക തന്നെ...
അങ്ങനെ ഞങ്ങള്‍ ഏഴുപേര്‍, (ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ആഷിക്, ബാസിത്, റിഥിന്‍, പിന്നെ എം.എസ്.സി. സൈക്കോളജിയിലെ ചേച്ചിമാരായ സാദിയ, റിഫ, പിന്നെ സുല്‍ഫിയയും). സാര്‍ തന്ന നമ്പറില്‍ രജനി മാഡത്തിനെ (പാലിയേറ്റീവ് കെയര്‍ നേഴ്‌സ്) വിളിച്ച് വരുന്ന കാര്യം പറഞ്ഞു. പാലിയേറ്റീവ് കെയറിന്റെ വാനില്‍ ഞങ്ങള്‍ മൂന്നുപേര്‍ കയറി. ബാക്കിയുള്ളവര്‍ സ്‌കൂട്ടറിലും. അവിടെ ചെന്നപ്പോള്‍ ഞങ്ങളുടെ ഗ്രൂപ്പിലേക്ക് ആശാവര്‍ക്കര്‍ നിഷ ബീവി മാഡവും കൂടെ ചേര്‍ന്നു. അവരുടെ കെയ്യിലുള്ള ലിസ്റ്റ് അനുസരിച്ചുള്ള വീടുകളിലേക്കാണ് പിന്നെ യാത്ര പോയത്. ആദ്യം ഞങ്ങള്‍ പോയ വീട്ടില്‍ പ്രായമായ ഒരു അമ്മയാണ് ഉണ്ടായിരുന്നത്. ആദ്യം അവര്‍ ഞങ്ങളെ അത്ര മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ പിന്നീട് അമ്മയെ കാണാന്‍ വന്ന കുട്ടികളാണ് ഞങ്ങളെന്നു നേഴ്‌സ് പരിചയപ്പെടുത്തിയതോടെ ആ അമ്മയുടെ മുഖത്ത് ചെറിയ ചിരിയും സന്തോഷവുമൊക്കെ വന്നു... തുടര്‍ന്ന് അവരുടെ കാര്യങ്ങള്‍ കുറെ സംസാരിച്ചു. അവര്‍ക്ക് നടക്കാന്‍ കഴിയില്ല. എന്നാലും പത്രവും മാസികയുമൊക്കെ മുടങ്ങാതെ വായിക്കുന്ന ആളായിരുന്നു. പുറമെ നോക്കുമ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ ഒക്കെ നമുക്കു തോന്നുമെങ്കിലും ആ അമ്മയുടെ വാക്കുകളിലും അതു പ്രകടിപ്പിക്കുന്നതിലും അവര്‍ കാണിക്കുന്ന ആ ഊര്‍ജ്ജസ്വലത ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു പുതിയ അനുവഭമായിരുന്നു. അങ്ങനെ അവരോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ വളരെ സന്തോഷത്തോടെ ടാറ്റാ ബൈ ബൈ ഒക്കെ പറഞ്ഞാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്...
അടുത്തതായി ഒരു ഇത്തയെ കാണാന്‍ ആണ് പോയത്. ആള്‍ ഒരു ഷുഗര്‍ ബാധിച്ച രോഗിയാണ്. ആള്‍ടെ ഇടത് കാല് ഫുള്‍ ബ്ലാക്ക് ആയിരിക്കുന്ന. ആദ്യം ഒരു വിരലിലാരുന്നു പ്രശനം കണ്ടത് എന്നാണു നഴ്‌സ് പറഞ്ഞത്. അന്നു പേടി കാരണം സര്‍ജറി ചെയ്യാതെ ഇരുന്നതിനാല്‍ കാലിന്റെ മുകളിലേക്കുള്ള രക്തയോട്ടം കൂടി നിലച്ച് കറുത്തിരിക്കുകയാണ്. അവരുടെ പകുതി ജീവനുള്ള ആ കാലും അവിടെ നിറഞ്ഞിരിക്കുന്ന മനം മടുക്കുന്ന ദുര്‍ഗന്ധവും വല്ലാത്തൊരു പ്രതീതിയാണ് ഞങ്ങളില്‍ സൃഷ്ടിച്ചത്. അവരുടെ ഭര്‍ത്താവാണ് ആ സ്ത്രീയെ പരിചരിക്കുന്നത്. ആ ഇത്താനെ കണ്ടപ്പോ ഞങ്ങള്‍ക്ക് തോന്നിയത് ആള്‍ക്ക് ഭയങ്കര പേടി ഉള്ള കൂട്ടത്തിലാണെന്നാണ്. പക്ഷെ ആള്‍ നല്ല ആക്ടിവാണ്. അത് അവരുടെ വാക്കുകളില്‍നിന്ന് മനസിലാക്കാം...അത് കഴിഞ്ഞുപോയത് ഒരു ഉപ്പയുടെ അടുത്താണ്. ആള്‍ 15 വര്‍ഷത്തോളം ഉസ്താദ് ആയിരുന്നു. ഉപ്പയെ കാണാന്‍ പോകുന്ന വഴി ബിജിത് സാറും ഞങ്ങളോട് ഒപ്പം ചേര്‍ന്നിരുന്നു. സാര്‍ ഉപ്പയോട് കൊറേ സംസാരിച്ചു. ഉപ്പയുടെ മകന്‍ സാറിന്റെ നമ്പര്‍ ഒക്കെ വാങ്ങി. എന്ത് ഉണ്ടെങ്കിലും ഞങ്ങളെ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഉപ്പ ഒരു സൈക്യാട്രിക് രോഗി ആയിരുന്നു. പിന്നെ മാറുകയും എന്നാല്‍ പിന്നീട് ആളൊരു CA രോഗിയും കൂടെ ആയതോടെ ആള്‍ക്കും ഭയങ്കര ടെന്‍ഷന്‍ ആണ്. അധികം സംസാരിക്കില്ല, മൂഡ്ഔട്ട് ആയിട്ട് ഇരിക്കുന്നു എന്നൊക്കെ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞപ്പോള്‍ അങ്ങനെയൊന്നും വേണ്ട സന്തോഷത്തോടെ ഇരിക്കണം എന്നൊക്കെ ആ ഉപ്പേയോട് പറഞ്ഞു കൊടുത്തു. എന്തായാലും ഇനിയും ഞങ്ങള്‍ വരുമെന്നും, വരുമ്പോള്‍ ഞങ്ങള്‍ക്കു പഴയ കാര്യങ്ങളും കഥകളുമൊക്കെ പറഞ്ഞുതരണമെന്നും പറഞ്ഞപ്പോള്‍ ആ ഉപ്പ, ചിരിച്ചു സന്തോഷത്തോടെ തലയാട്ടി ഞങ്ങളെ യാത്രയാക്കി.
അങ്ങനെ ഞങ്ങളെല്ലാവരും കൂടെ അപ്പാപ്പനെ മറ്റൊരു കട്ടിലേക്കു മാറ്റി കിടത്തി ബെഡ് ഷീറ്റ് മാറ്റി എല്ലാം ശരിക്കാക്കാന്‍ സഹായിച്ചു. നേഴ്‌സ് അപ്പാപ്പനെ നോക്കുന്ന സമയത്ത് അവിടെത്തെ അമ്മച്ചി ഞങ്ങളോട് കൊറേ സംസാരിച്ചു. അവിടെത്ത കഥകളൊക്കെ പറഞ്ഞ. ആള്‍ക്ക് സ്വല്‍പ്പം ഓര്‍മക്കുറവൊക്കെയുണ്ട്. എന്നാലും പഴയ കാര്യങ്ങള്‍ എത്ര ആവേശത്തോടെയാണ് ഞങ്ങളോട് പങ്കുവെച്ചതെന്നോ... ഷെല്‍ഫിലെ ഫോട്ടോസ് കാണിച്ചു ആളുകളെ ഒക്കെ പരിചയപ്പെടുത്തി. പിന്നെ ഞങ്ങള്‍ അവിടെന്നു ഇറങ്ങുമ്പോള്‍ അപ്പാപ്പനോട് പോവുകയാണെന്നു പറയാന്‍ പറ്റിയില്ല അപ്പോളേക്കും അപ്പാപ്പന്‍ ഉറങ്ങിയുന്നു. അങ്ങനെ ഞങ്ങള്‍ എല്ലാരും അവിടെന്നു ഇറങ്ങി ഒപ്പം കൊറച്ചു ചിത്രങ്ങള്‍ എടുത്ത് ഞങ്ങള്‍ എല്ലാരും ഭക്ഷണം കഴിച്ച് അവസാനം ഒരു വീട്ടില്‍ കൂടി പോകാം എന്നു തീരുമാനിച്ചു. അവിടെ ഒരു ചേച്ചിയായിരുന്നു ഉണ്ടായിരുന്നത്. 36 വയസേ അവര്‍ക്കു പ്രായമുള്ളു. പക്ഷെ ഡയലാസിസ് ചെയ്യുന്ന ഒരു ചേച്ചിയാണ് അവരെന്ന് പറഞ്ഞപ്പോള്‍ ആണ് മനസിലായത്. ഫിസിയോതെറാപ്പി ഡിഗ്രി കോഴ്‌സ് കഴിഞ്ഞ് പത്തുവര്‍ഷത്തോളം എറണാകുളത്തെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ അവര്‍ ജോലി നോക്കിയിരുന്നു. ആള്‍ക്ക് 10 വര്‍ഷം മുന്നേ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതാണ്. എന്നാല്‍ മാറ്റിവെച്ച കിഡ്‌നി കൂടി തകരാറിലായതോടെ ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്... അവരുടെ സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ പ്രകടിപ്പിച്ച ആത്മവിശ്വാസം എടുത്തു പറയേണ്ടതുതന്നെയാണ്.
വീട്ടിലിരുന്നു ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ കഴിയുന്ന ഒരു ജോലി കണ്ടെത്തിതരാമെന്നു ഞങ്ങളുടെ പ്രോഗ്രാം ഓഫീസര്‍ പറഞ്ഞതിനോട് വളരെ നന്ദിയോടെയാണ് ആ ചേച്ചി സമ്മതം മൂളിയത്. ഒരു മാസത്തെ ആശുപത്രി ചിലവിനുള്ള പൈസയെങ്കിലും കണ്ടെത്താന്‍ എനിക്കു കഴിയുമല്ലോ എന്നാണ് ആ ചേച്ചി ഞങ്ങളോട് പറഞ്ഞത്. ( പിന്നീട് സാറിനെ വിളിച്ചപ്പോള്‍, സാര്‍ പറഞ്ഞത് രണ്ടു കമ്പനികളുടെ എച്ച്.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റില്‍ സംസാരിച്ചു ജോലിയുടെ കാര്യങ്ങള്‍ അവരോട് ഷെയര്‍ ചെയ്തിട്ടുണ്ട് എന്നാണ്, നല്ല അവസരങ്ങള്‍ വരുമ്പോള്‍ അതു പങ്കുവെയ്ക്കാം, അവരെ വിളിച്ചു ആ കാര്യങ്ങള്‍ പറയണം എന്നു പറഞ്ഞു എന്നെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.) ഇത്രയൊക്കെ അനുവഭങ്ങളിലൂടെ നടന്നുപോയേപ്പോള്‍ സമയവും കൂടെ പോയിരുന്നുവല്ലോ. അങ്ങനെ ഒരു 2.50 നോട് ഞങ്ങള്‍ അവടെനിന്നു കോളേജിലേക്ക് തിരിച്ചു. പതിവുസമയം കഴിഞ്ഞതിനാല്‍ ബിജിത് സാര്‍ ഞങ്ങളെ ഇടപ്പള്ളി ജംക്ഷനില്‍ ഡ്രോപ്പ് ചെയ്തു. അവിടെനിന്നു ബസില്‍ കയറിയിരിക്കുമ്പോള്‍ ആണ്, സാറിന്റെ അടുത്ത മെസേജ് ഗ്രൂപ്പില്‍ കണ്ടത്. ഇന്നു പോയവരുടെ അനുഭവം ഷെയര്‍ ചെയ്യണമെന്ന്. എന്നാല്‍ പിന്നെ അതൊരു പേപ്പറില്‍ ആക്കിയാലോ എന്നു സാറിനു മെസേജ് അയച്ചപ്പോളെ സാര്‍ പറഞ്ഞു, 'മിന്നേത്ത നീ എഴുതിക്കോ, ബാക്കി ഞാന്‍ ശരിയാക്കിക്കോളാമെന്ന്...' അങ്ങനെ അവിടെനിന്നുള്ള യാത്രയുടെ കൂടെ മനസില്‍ ചേക്കേറിയ അനുഭവങ്ങളെ ഒരു പേപ്പറിലാക്കി സാറിന് അയച്ചു കൊടുത്തു... 'സൂപ്പര്‍ നീയിത് ടൈപ്പ് ചെയ്ത് അയക്കോ' എന്നായിരുന്നു സാറിന്റെ മറുപടി... അങ്ങനെ തുടങ്ങിയതാണ് ഈ എഴുത്ത്...
അങ്ങനെ പറഞ്ഞു പറഞ്ഞു ഈ എഴുത്തിവടെ നിര്‍ത്തുന്നു. എന്നാലും പാലിയേറ്റീവ് കെയര്‍ പ്രൊജക്ടിന്റെ ആദ്യദിന സന്ദര്‍ശനം തന്നെ ഒരു അനുഭവമായിരുന്നു എന്നത് എത്ര പറഞ്ഞുവെച്ചാലും മതിയാവില്ല. നമ്മള്‍ കാണുന്ന പോലെ അല്ല, അസുഖങ്ങളും അത് അനുഭവിക്കുന്നവരും നല്ല മാനസിക ശേഷിയും കരുത്തുമുള്ളവരാണെന്നും അവരോട് അടുത്തുചെന്നു രണ്ടു വാക്കു സംസാരിക്കുക എന്നത് ഒരാളുടെ ജീവിതത്തിലെ പുണ്യകര്‍മ്മമാണെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു ഞങ്ങള്‍ അന്നു നടന്നു തീര്‍ത്തത്. ഒരു അസുഖത്തിന്റെ പേരില്‍ അവരെ അവഗണിക്കാതെ കൂടെ ചേര്‍ത്തുനിര്‍ത്തുക എന്നത് മഹത്തായ ഒരു കടമതന്നെയാണ്. ശരീരത്തിനു ബാധിച്ച തളര്‍ച്ച മനസിനെ അലട്ടാതിരിക്കാന്‍ നമ്മള്‍ പങ്കുവെയ്ക്കുന്ന ഒരു വാക്കിന്, ഒരു നോട്ടത്തിന്, ഒരു പുഞ്ചിരിക്ക് കഴിയുമെങ്കില്‍ അത് നമ്മള്‍ പകര്‍ന്നുനല്‍കുക തന്നെ വേണം... ഞങ്ങള്‍ ഏറ്റെടുത്ത ഈ പദ്ധതിയുടെ മഹത്വം ഉള്‍ക്കൊണ്ടുതന്നെ തന്നെ ഈ അനുഭവ കുറിപ്പിന് ഇവിടെ ഫുള്‍സേ്റ്റാപ്പ് ഇടുന്നു... സന്ദര്‍ശനം തുടരട്ടെ...
എന്ന് മിന്നത്ത് ഇ.എസ്. - എന്‍.എസ്.എസ്. വോളന്റിയര്‍, യൂണിറ്റ് നമ്പര്‍ 251-252, കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് തൃക്കാക്കര
0 Comments