"മാനവമൈത്രി വാരം" എന്ന പേരിലാണ് ഈ വർഷത്തെ എൻ എസ് എസ് ദിനാചരണം ആഘോഷിക്കുന്നത്
ഇന്ന് നാഷണൽ സർവീസ് സ്കീം ദിനം കൊണ്ടാടുകയാണ് രാജ്യം. മെയ്യും മനസ്സും ഒരുപോലെ സമർപ്പിച്ചുള്ള സേവനകൂട്ടായ്മയില്‍ കൂടുതൽ സ്വപ്നങ്ങൾ വിരിയാനും ഏറെ ജീവിതങ്ങൾക്ക് തളിരേകാനും നാന്ദി കുറിക്കുകയാണ് ഈ ദിനത്തിൽ.
"മാനവമൈത്രി വാരം" എന്ന പേരിലാണ് കേരളം ഈ വർഷത്തെ എൻ എസ് എസ് ദിനാചരണം ആഘോഷിക്കുന്നത്. സെപ്റ്റംബർ 24 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ വിവിധ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് സംസ്ഥാന എൻഎസ്എസ് ഘടകം "മാനവ മൈത്രി വാരം" ആചരിക്കുന്നത്.
മാനവമൈത്രി റാലി, നവാഗതരെ ഉൾപ്പെടുത്തി ഈ വർഷത്തെ എൻഎസ്എസ് പ്രവർത്തനോദ്ഘാടനം, ശുചിത്വ പ്രവർത്തനങ്ങൾ, മാലിന്യമുക്ത നവകേരള ക്യാമ്പയിൻ, സ്നേഹാരാമങ്ങൾ, ഫലവൃക്ഷ തൈ നടീലും സംരക്ഷണവും, രക്തദാനക്യാമ്പും അവബോധ ക്യാമ്പയിനും, വി-കെയർ ധനസമാഹരണയജ്ഞം, വിശേഷ സ്ഥാപനങ്ങളിൽ സന്ദർശനവും സഹായവും, പുനർജനി പദ്ധതി, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പൊതു ഇടങ്ങളിൽ പുസ്തകത്തണൽ ഒരുക്കൽ, ദത്തുഗ്രാമ സന്ദർശനവും സേവനപ്രവർത്തനവും, പച്ചക്കറി/പൂന്തോട്ടങ്ങളുടെ നിർമ്മാണം, ജീവിതശൈലീരോഗ നിർണ്ണയ ക്യാമ്പ്, മെഡിക്കൽക്യാമ്പ്, എൻ എസ്എസ് ഫ്ലാഷ്മോബ്/ തെരുവ് നാടകം തുടങ്ങിയ വിവിധ മാതൃകാ പ്രവർത്തനങ്ങൾ വാരാചരണ ഭാഗമായി സംസ്ഥാനമൊട്ടാകെ നടക്കും.
സാധാരണ ജനങ്ങള്‍ക്ക് ശക്തിപകരാനുള്ള സമര്‍പ്പണ മനസ്സാണ് എന്‍എസ്എസ് വോളന്റിയര്‍മാരെ വ്യത്യസ്തമാക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകൾ, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സേവന മനസ്സുമായി വോളന്റിയര്‍മാര്‍ മുന്നിലുണ്ടാകുന്നത് പ്രതീക്ഷയുടെ കരങ്ങൾക്ക് ശക്തിയേകിക്കൊണ്ടാണ്.
ജനങ്ങളില്‍ നിന്നു ശേഖരിച്ച പണം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമായും, ശൗചാലയമായും രൂപാന്തരപ്പെട്ടപ്പോൾ ചിലര്‍ക്കത് കൃഷിയിടവും നടപ്പാതയായും മറ്റു ചിലര്‍ക്ക് അക്ഷരമുറ്റമായും വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികളായും വഴികള്‍ തുറന്നുകൊടുത്തു. മരണത്തെ മുന്നിൽക്കണ്ട അനേകം പേര്‍ക്ക് പുതുജീവന്‍ നല്‍കാനായതും എന്‍എസ്എസിന്റെ പ്രവര്‍ത്തന വഴിയിലെ തിളക്കങ്ങളാണ്.
ഒരു പിറന്നാള്‍ കൂടി കൊണ്ടാടുമ്പോള്‍ സേവന മനസ്സുമായി സമൂഹത്തില്‍ നന്മ വിതയ്ക്കാനുള്ള ഉത്തേജനമാണ് എൻഎസ്എസിന് കൈവരുന്നത്. സമൂഹത്തില്‍ താഴേത്തട്ടിലുള്ളവരുടെ ഓരംചേര്‍ന്ന് പ്രശ്‌നപരിഹാരം സാധ്യമാക്കുന്ന ഈ കഴിവുകള്‍ക്ക് മുന്നില്‍ കേരളം പ്രണാമമർപ്പിക്കുന്നു.
എൻഎസ്എസ് വോളന്റിയര്‍മാർക്കും എൻഎസ്എസ് കുടുംബാംഗങ്ങൾക്കും മറ്റു പ്രവർത്തകർക്കും സംഘാടകർക്കും ഏറ്റവും സ്നേഹത്തോടെ അഭിമാനത്തോടെ ദിനാശംസകൾ.
മനസ്സുനന്നാവട്ടെ.. മതമേതെങ്കിലുമാവട്ടെ..
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം..
മാണ്‍പൂ വിടരട്ടെ..
0 Comments