മാലിന്യമുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായി ചലച്ചിത്രത്തെ കൂടി മാധ്യമമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ.
വിഷയങ്ങൾ
1. ഹരിതകർമ്മസേനയ്ക്ക് ആദരവ് : മാലിന്യമുക്ത കേരളം ക്യാംപെയ്നിന്റെ പുറമെ ദൃശ്യമല്ലെങ്കിലും കരുത്തുറ്റ പി൯ബലമാണ് ഹരിതകർമ്മസേന. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ അവരുടെ അക്ഷീണ പ്രയത്നം, പരിസ്ഥിതിയിലും സമൂഹത്തിലും സേനയുടെ പ്രവർത്തനം കൊണ്ടുണ്ടായിട്ടുള്ള നേട്ടങ്ങൾ എന്നിവയ്ക് ഊന്നൽ നൽകണം. സേനാംഗങ്ങളുടെ സമർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനം വ്യക്തമാക്കുന്ന കഥകൾ പങ്കുവയ്ക്കണം. ഹരിതകർമ്മസേനയോടുള്ള കൃതജ്ഞത പ്രകാശിപ്പിക്കാനും ശുചിത്വവും പച്ചപ്പുമുള്ള കേരളമെന്ന ദൗത്യം പൂർത്തീകരിക്കാ൯ സേനയോടൊപ്പം ചേരാനും പ്രേക്ഷകരെ ഈ ചിത്രം പ്രേരിപ്പിക്കണം. സേനാംഗങ്ങളുടെ പ്രവർത്തനാന്തരീക്ഷം, തൊഴിലിന്റെ സ്വഭാവം, ജൈവ – അജൈവ മാലിന്യങ്ങൾ വേർതിരിക്കുന്നതിലെ പ്രയത്നം എന്നിവയും ചിത്രീകരിക്കണം.
2. ഹരിത പ്രോട്ടോകോൾ: മാലിന്യത്തിന്റെ ഉൽപാദനം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ, തരംതിരിയ്ക്കൽ, നിർമാർജന രീതികൾ എന്നിവയാണ് ഹരിത പ്രോട്ടോകോളിന്റെ പ്രധാന ആശയ ഘടകങ്ങൾ. അമിതമായ ഉപഭോഗം കുറച്ച് അവശിഷ്ടങ്ങൾ തീർത്തും ഇല്ലാതാക്കുന്നതും മാലിന്യോൽപ്പാദനത്തിൽ ഗണ്യമായ കുറവ് വരുത്തും. വ്യക്തിജീവിതത്തിലും കുടുംബത്തിലും ഓഫീസിലും പൊതു ചടങ്ങുകളിലും വിവാഹച്ചടങ്ങുകളിലും കോൺഫറ൯സുകളിലും ഉത്സവവേളകളിലും എല്ലാം അടക്കം ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഹരിത പ്രോട്ടോകോൾ ബാധകമാക്കാനാകും. ഇതൊരു ശീലവും ശൈലിയുമായി മാറണം. ഹരിത പ്രോട്ടോകോളിന്റെ പ്രസക്തിയിലേക്ക് കടന്നു ചെല്ലുകയും കോളേജ് ക്യാംപസുകളിലും അതിനപ്പുറവും ഇതിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുകയും വേണം. Reduce, Reuse, Recycle എന്നീ 3R ആശയത്തെ അടിസ്ഥാനപ്പെടുത്തി സുസ്ഥിരമായ മാലിന്യ പരിപാലന രീതികളുടെ അനുകൂല ഫലങ്ങളെ പ്രദർശിപ്പിക്കണം.
3. സമൂഹത്തിന്റെ ഉത്തരവാദിത്തം: മാലിന്യ മുക്തമായ കേരളം യാഥാർത്ഥ്യമാക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തവും ഉത്തരവാദിത്തവും ചർച്ച ചെയ്യണം. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും പ്രത്യേകമായ ശ്രദ്ധ നൽകണം. മാലിന്യം കുറയ്ക്കുന്നതിലും പുനരുൽപ്പാദന പ്രക്രിയകളിലും സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം.
3. സമൂഹത്തിന്റെ ഉത്തരവാദിത്തം: മാലിന്യ മുക്തമായ കേരളം യാഥാർത്ഥ്യമാക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തവും ഉത്തരവാദിത്തവും ചർച്ച ചെയ്യണം. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും പ്രത്യേകമായ ശ്രദ്ധ നൽകണം. മാലിന്യം കുറയ്ക്കുന്നതിലും പുനരുൽപ്പാദന പ്രക്രിയകളിലും സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം.
മാർഗനിർദേശങ്ങൾ
- ചിത്രത്തിന്റെ ദൈർഘ്യം നാലു മുതൽ ആറു മിനിറ്റ് വരെ
- പങ്കെടുക്കാ൯ അർഹത എറണാകുളം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്ക്
- മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങൾ ചിത്രത്തിലുണ്ടായിരിക്കണം
- വ്യക്തിപരമായും പങ്കെടുക്കാം, കൂട്ടായ പങ്കാളിത്തത്തിന് കൂടുതൽ പ്രോത്സാഹനം
- ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ.
- വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മൊമെന്റോയും നൽകും
- ഒന്നാം സ്ഥാനം നേടുന്ന ചിത്രം ജില്ലാതലത്തിൽ പ്രദർശിപ്പിക്കും.
- ചിത്രം സമർപ്പിക്കേണ്ട അവസാന തീയതി – നവംബർ 30, 2023.
- ഫോർമാറ്റ് – mp4 or MOV, Aspect ratio 16:9, Resolution 1920*1080p
- ചിത്രത്തിന്റെ അവകാശം ജില്ലാ ഭരണകൂടത്തിനായിരിക്കും.
- ഇംഗ്ലീഷിലും സബ് ടൈറ്റിലുകൾ നൽകണം
- പ്രി൯സിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം തിരിച്ചറിയൽ രേഖ ഹാജരാക്കണം
- മാലിന്യമുക്ത നവകേരളം അനിമേഷ൯ ലോഗോയും ഷോർട്ട് ഫിലിമിലുണ്ടാകണം
ചിത്രം ഗൂഗിൾഡ്രൈവിൽ അപ്ലോഡ് ചെയ്ത ശേഷം ലിങ്ക് campaign.jdlsgd@gmail.com എന്ന വിലാസത്തിലേക്ക് 2023 ഡിസംബർ 10നകം അയക്കണം.
For Registration: Click Here
എറണാകുളം ജില്ലയിലെ മുഴുവ൯ കോളേജ് വിദ്യാർത്ഥികളെയും മാലിന്യമുക്ത നവകേരളം ഷോർട്ട് ഫിലിം മത്സരത്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ശുചിത്വവും പച്ചപ്പും സുസ്ഥിര പരിസ്ഥിതിയുമുള്ള കേരളത്തിന്റെ സന്ദേശവാഹകരാകാനുമുള്ള അവസരമാണിത്. നിങ്ങളുടെ ചിത്രങ്ങൾ പ്രകാശമാനമായ ഭാവിയിലേക്കുള്ള വെളിച്ചവും പ്രേരണയുമാകട്ടെ. അനുകൂല ഫലങ്ങൾ സൃഷ്ടിക്കാനുതകുന്ന കഥാകഥന രീതിയിലേക്കും മാലിന്യമുക്ത കേരളത്തിലേക്കുള്ള യുവജനതയുടെ സമർപ്പണ മനോഭാവത്തിലേക്കും ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്നു. മത്സരത്തിലെ പങ്കാളിത്തം കേവലം സമ്മാനത്തിനു മാത്രമല്ല, മറിച്ച് പരിസ്ഥിതിയിലും സമൂഹത്തിലും അർത്ഥവത്തായ ഫലമുണ്ടാകുന്ന ഇടപെടൽ കൂടിയാണ്. ഈ സംരംഭത്തിൽ പങ്കു ചേരുക, ശുചിത്വവും പച്ചപ്പുമാർന്ന കേരളത്തിലേക്ക് നമുക്ക് വഴി തെളിക്കാം – മാലിന്യത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും മോചനം നേടിയ കേരളത്തിലേക്ക്…
0 Comments