പറഞ്ഞു വരുന്നത് ഇന്ന് വാട്‌സ്ആപ്പില്‍ ലഭിച്ച രണ്ടു ചിത്രങ്ങളെ കുറിച്ചാണ്. യൂണിവേഴ്‌സിറ്റി എക്‌സാം ഡ്യൂട്ടി തീര്‍ത്ത് ആന്‍സര്‍ ഷീറ്റ് എണ്ണി തിട്ടപ്പെടുത്തി ബണ്ടില്‍ ചെയ്തതിനു ശേഷമാണ് ഇന്ന് കോളേജില്‍നിന്നു വീട്ടിലേക്കു തിരിക്കാന്‍ കഴിഞ്ഞത്. വൈകിട്ട് ആറു മുപ്പതോടെ റോഡിലെ തിരക്കിലൂടെ വണ്ടിയെടുത്ത് വീട്ടിലേക്കു പോരുന്ന വഴി, ഒരു ഫോണ്‍. സ്‌നേഹവീട് പദ്ധതിയുടെ കാര്യം ചോദിച്ചാണ് വിളി. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നത്തിന്റെ പുറകെ ഏഴു വര്‍ഷമായി സഞ്ചരിച്ചിട്ടും പണിതീര്‍ക്കാന്‍ കഴിയാത്ത, അതിനു വക കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഒരു പെണ്‍കുട്ടിയാണ് വിളിച്ചത്. റോഡിലെ തിരക്കിനിടയില്‍ ആ ഫോണ്‍ കോള്‍ അവഗണിച്ചാലോ എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ആ ഒരു ഫോണ്‍ കോളിലൂടെ ആ പെണ്‍കുട്ടിക്ക് താന്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ക്ക് പിന്തുണയേകാന്‍ കഴിയുന്ന ഒരു മറുപടി അപ്പോള്‍ മനസില്‍ കടന്നുവന്നത് കൊണ്ട് ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് സംസാരിച്ചു. ഞാന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നില്ല എന്ന് അവള്‍ പറഞ്ഞപ്പോള്‍, എന്നാല്‍ പിന്നീട് വാട്‌സ്ആപ് ചെയ്യാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ബ്ലോക്കും ജങ്ഷനുമെല്ലാം കടന്ന് വീട്ടിലെത്തിയപ്പോള്‍ ഒരു നേരം... യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ബണ്ട്‌ലിംഗിന്റെ തിരക്കില്‍ ഫോണും വാട്‌സ്ആപ്പ് മെസേജുകളുമൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരിന്നില്ല. വാട്‌സ് ആപ് മെസേജ് നോക്കുന്നതിനിടയില്‍ ആദ്യ നോട്ടം ചെന്നത് കെ.എം.എം. എന്‍.എസ്.എസ്.. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഗ്രൂപ്പിലേക്കാണ്. ആശാ വര്‍ക്കര്‍ നിഷാ ബീവിയുടെ മെസേജ്.. ''ഈ ഉമ്മ ഇന്നു മരിച്ചു, കുറച്ചു കഴിയുമ്പോള്‍ ഖബറടക്കം''. ഞാന്‍ ആ മെസേജ് വായിക്കുമ്പോള്‍ അവരുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായിട്ടുണ്ടാവാം... പക്ഷേ ഒരു മാസം മുന്നേ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ അവര്‍ പാടി തന്ന മാപ്പിള പാട്ട്, നിഷ്‌കളങ്കമായ ചിരി അതൊന്നും എന്നെ അപ്പോള്‍ വിട്ടു പോയിട്ടുണ്ടായിരുന്നില്ല. ഇനി കുട്ടികളുമായി വരുമ്പോള്‍ കൂടുതല്‍ കഥകളും പാട്ടുകളും പാടിത്തരണമെന്ന് പറഞ്ഞിട്ടാണ് അവരോട് യാത്ര പറഞ്ഞ് ഇറങ്ങിയത്... അവര്‍ക്ക് അസുഖം കൂടിയതുകൊണ്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു എന്നു ഇതിനിടയില്‍ അവരുടെ ഒരു ബന്ധു പറഞ്ഞ് അറിഞ്ഞിരുന്നു. അപ്പോള്‍ വിചാരിച്ചതാണ് ഇനി ഓണത്തിനു മുന്നെ പാലിയേറ്റീവ് സന്ദര്‍ശനത്തിനു പോകുമ്പോള്‍ എല്ലാവര്‍ക്കും നല്‍കാനായി എന്തെങ്കിലും കൈയ്യില്‍ കരുതണമെന്നത്. കൂടെ ആ ഉമ്മയ്ക്കും... ആ ഉമ്മയുടെ കൂടെ അന്നു ഞങ്ങള്‍ എടുത്ത ചിത്രങ്ങള്‍ ഗാലറിയില്‍ പരതുമ്പോഴാണ് അടുത്ത ചിത്രം കണ്ണില്‍ തടഞ്ഞത്... ആ ചിത്രമാണ് ആ ഉമ്മയുടെ അരികില്‍നിന്നും തിരികെ മനസിനെ കൂട്ടികൊണ്ടു വന്നത്.
കഴിഞ്ഞ ആഴ്ചയാണ് സ്‌നേഹവീട് പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിക്കാന്‍ അവിടെ പോയത്. അവിടെ എന്നു വെച്ചാല്‍ രണ്ടു വര്‍ഷം ഞാന്‍ പഠിപ്പിച്ച ഒരു കുട്ടിയുടെ വീട്ടില്‍... അവളുടെ അദ്ധ്യാപകന്‍ എന്ന നിലയില്‍ സ്വല്‍പ്പം സ്വാതന്ത്യത്തോടെയാണ് ആ പെണ്‍കുട്ടിയും അവരുടെ വീട്ടുകാരും വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ ചെന്നത്. അവര്‍ക്കു വീടു പണിതു കൊടുക്കാന്‍ ഉദ്ദ്യേശിക്കുന്ന സ്ഥലം കാണിച്ചു തരണമെന്ന് പറഞ്ഞ് അവളെയും അവളുടെ അനിയനെയും വണ്ടിയില്‍ കയറ്റി പോകുന്നതിനിടെ അവളുടെ അനിയനോട് അവന്റെ സ്‌കൂളിനെ കുറിച്ചു ചോദിച്ചു. പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. എന്നാല്‍ വാടക വീട് അടുത്തിടെ മാറേണ്ടി വന്നതിനാല്‍ ദിവസവും രാവിലെ മൂന്നു കിലോ മീറ്റര്‍ നടന്നാണ് അവന്‍ പോകുന്നത് എന്ന മറുപടി പറഞ്ഞത് ഞാന്‍ പഠിപ്പിച്ച ആ പെണ്‍കുട്ടിയാണ്. അത് കേട്ടപ്പോള്‍ റിവ്യൂ മീറ്ററിലൂടെ ഞാന്‍ അവനോട് ചോദിച്ചു, ഡാ നിനക്ക് ഒരു സൈക്കിള്‍ വാങ്ങിക്കൂടെ എന്ന്... അവന്‍ മറുപടി ഒന്നു പറഞ്ഞില്ല, അവളും... അങ്ങനെ ആ സ്ഥലം കണ്ട് അതിന്റെ ഫോട്ടോയൊക്കെ എടുത്ത് തിരികെ കാറില്‍ കയറാന്‍ നേരം നല്ല മഴ. ആ മഴയത്ത് തിരികെ അവരെ വീട്ടിലാക്കാന്‍ ഡ്രൈവ് ചെയ്തപ്പോള്‍ സ്വന്തമായി മനസിനോട് പറഞ്ഞു, ഒരു സെക്കന്റ്ഹാന്റ് സൈക്കിള്‍ അവന് വാങ്ങി കൊടുക്കണം എന്ന്. എറണാകുളം ജില്ലയില്‍ ആളും ആരവുമൊക്കെ ഉള്ള ഒരു സ്ഥലത്തുനിന്നു ദിവസവും സ്‌കൂളില്‍ പോകാന്‍ ബസ് റൂട്ട് ഉള്ള സ്ഥലത്തേക്കു എത്തിച്ചേരാനായി മൂന്നു കിലോമീറ്റര്‍ നടക്കേണ്ടി വരുക എന്നത് ചിന്തിച്ച് അവന്റെ മുഖത്തേക്കാണ് നോക്കിയത്. എന്തോ അവന്‍ നോട്ടം തരാതെ മുഖം താഴ്ത്തി... പിന്നീട് അവരെ, അവര്‍ താമസിക്കുന്ന വീട്ടിലിറക്കി, അവര്‍ നല്‍കേണ്ട രേഖകളെകുറിച്ചൊക്കെ പറഞ്ഞു മനസിലാക്കി തിരികെ വണ്ടിയില്‍ കയറാന്‍ നേരത്താണ് അവിടെ ഒരു സൈക്കിള്‍ ഇരിക്കുന്നത് കണ്ടത്... സൈക്കിള്‍ എന്നു പറഞ്ഞാല്‍ രണ്ടു ചക്രവും പിന്നെ സൈക്കിളിന്റെ ഫ്രൈമും മാത്രം... അതില്‍ ബ്രേക്ക്, ബെല്ല് ഒന്നും തന്നെയില്ല. ടയറില്‍ പിടിച്ചുനോക്കിയപ്പോള്‍ അത് ഉപയോഗിച്ചിട്ട് കുറച്ചു നാളായി എന്ന് കൂടെ വന്നവര്‍ പറഞ്ഞു.
അവനെ അടുത്തുവിളിച്ച് പോക്കറ്റില്‍ കിടന്ന കാശ് എടുത്ത് ഞാന്‍ അവനു നേരെ നീട്ടി. എന്നിട്ട് എത്രയും വേഗം നിന്റെ സൈക്കിള്‍ നന്നാക്കണം എന്നു പറഞ്ഞു. അവളെക്കൂടി വിളിച്ചിട്ട് ഇവന്റെ സൈക്കിള്‍ നന്നാക്കി എനിക്ക് ഫോട്ടോ അയച്ചു തരണമെന്നും പറഞ്ഞു. അങ്ങനെ അവിടെ നിന്നു പോന്നു, പിന്നീട് അവള്‍ ഫോട്ടോ അയച്ചുതന്നില്ല എന്നത് ഓര്‍ത്തപ്പോള്‍ ഒരിക്കല്‍ ചോദിച്ചിരുന്നു... എന്തായി അവന്റെ സൈക്കിള്‍ എന്ന്... സൈക്കിള്‍ നന്നാക്കുന്ന ഷോപ്പിലെ ചേട്ടന്‍ അവിടെയില്ല അതുകൊണ്ട് നന്നാക്കാന്‍ കഴിഞ്ഞില്ല എന്നാണ് മറുപടി കിട്ടിയത്. അങ്ങനെ ആ സൈക്കിളിന്റ ചിത്രം നോക്കി അവളുടെ ചാറ്റ് നോക്കിയപ്പോളാണ് കണ്ടത് '' സാര്‍ സൈക്കിള്‍ ഇന്ന് കിട്ടി, വര്‍ക്ക് ഷോപ്പിലെ ആള്‍ക്ക് വൈറല്‍ ഫീവര്‍ ആയിരുന്നു എന്ന്''... തീര്‍ച്ചയായും അതൊരു സന്തോഷം പകരുന്ന ചിത്രം തന്നെയാണ്...
0 Comments