തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ.യൂണിറ്റ് നമ്പര്‍ 251, 252 യൂണിറ്റുകളുടെ പ്രഥമ സപ്തദിന സഹവാസ ക്യാമ്പ് നടത്താന്‍ അനുമതി നല്‍കിയ യൂണിറ്റിന്റെ ദത്തുസ്‌കൂളായ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിനു കൈനിറയെ സമ്മാനം നല്‍കിയാണ് ക്യാമ്പ് സമാപിച്ചത്. സപ്തദിന ക്യാമ്പിന്റെ ഭാഗമായുള്ള മിക്ക ദിവസങ്ങളിലും രാവിലെ മുതല്‍ വൈകിട്ട് വരെ തങ്ങളുടെ ദത്തു സ്‌കൂളിനെ അണിയിച്ചൊരുക്കാന്‍ വോളന്റിയര്‍മാര്‍ ഒത്തൊരുമിക്കുകയുണ്ടായി.
ക്യാമ്പ് തുടങ്ങുന്നതിനു മുന്നെ തന്നെ സ്‌കൂളില്‍ ചെയ്യേണ്ടതായ അലങ്കാര ജോലികള്‍ വോളന്റിയര്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ തിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍, 25 ന് വൈകിട്ട് ക്യാമ്പ് തുടങ്ങിയതുമുതല്‍ 31 നു ക്യാമ്പ് അവസാനിച്ച സമയം വരെ വോളന്റിയര്‍മാര്‍ തങ്ങളുടെ ദത്തുസ്‌കൂളിന്റെ സ്വന്തമാക്കുകയാണ് ഉണ്ടായത്. 26 നു രാവിലെ സ്‌കൂള്‍ പരിസരം വൃത്തിയാക്കുക എന്നതായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. പരിസരത്തെ അടുത്തറിഞ്ഞപ്പോളാണ് അതിന്റെ വെല്ലുവിളികള്‍ മനസിലായത്. സാന്‍ഡ് പേപ്പറും ചകിരിയും ഉപയോഗിച്ച് മതില്‍ വൃത്തിയാക്കാം എന്നു പറഞ്ഞ തുടങ്ങിയ ജോലി പിന്നെ അവസാനിച്ചത് വാട്ടര്‍ ജെറ്റ് വാടകയ്ക്ക് എടുത്ത് മതിലിന്റെ ഇരുപുറവും കൂടുതല്‍ മിനുങ്ങി തുടങ്ങിയപ്പോഴാണ്. മാത്രമല്ല മതിലിന്റെ പുറം വശം മദ്യകുപ്പികളും പൊട്ടിയ കുപ്പിചില്ലുകളും മറ്റു മാലിന്യങ്ങളും കുമിഞ്ഞുകൂടി കിടക്കുന്നതിനാല്‍ ഉള്‍വശം മാത്രം ഇപ്പോള്‍ വൃത്തിയാക്കാം എന്നതായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ ക്യാമ്പ് അവസാനിച്ചത് അവിടത്തെ അവസാനത്തെ ചില്ലു കഷ്ണവും ചാക്കില്‍ പെറുക്കി വെച്ചതിനു ശേഷമാണ്.
മതിലിന്റെ പെയിന്റിംഗ് പണികള്‍ പൂര്‍ത്തിയാക്കി അടുത്ത ജോലി ഏറ്റെടുക്കാനും വോളന്റീയേഴ്‌സിനു ഇടംവലം നോക്കേണ്ടി വന്നില്ല. ചെടിചട്ടികള്‍ വൃത്തിയാക്കി മണ്ണുനിറച്ചതിനു ശേഷം പെയിന്റ് ചെയ്യുക എന്നതായിരുന്നു അടുത്ത ജോലി. അപ്പോളാണ് ഹെര്‍ബല്‍ ഗാര്‍ഡന്‍ തയ്യാറാക്കുന്ന സ്ഥലത്ത് ചുമര്‍ ചിത്രം വരയ്ക്കുന്ന ആശയം ഉരുത്തിരുഞ്ഞത്. അങ്ങനെ അതിന്റെ പണികളും ഔഷധച്ചെടികള്‍ നടാനുള്ള ഭാഗവും വൃത്തിയാക്കുന്നതിനിടെയാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ചെറിയ മീന്‍ കുളം കണ്ടെത്തി. പിന്നെ അതു വൃത്തിയാക്കി അതില്‍ ഗപ്പികുഞ്ഞുങ്ങളെയും വളര്‍ത്തണമെന്നതായി ചര്‍ച്ച. അങ്ങനെയെങ്കില്‍ താമരയും പിടിപ്പിക്കാം എന്നതായി അതിന്റെ കൂടെ...
അങ്ങനെ ചര്‍ച്ചകളും കളിചിരികളും ചിന്തകളുമൊക്കയായി ഏഴുദിവസം കഴിഞ്ഞപ്പോള്‍ ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂളിലെത്തുന്ന തങ്ങളുടെ ദത്തു സ്‌കൂളിലെ കൊച്ചനിയന്‍മാര്‍ക്കും അനിയത്തിമാര്‍ക്കും മനംനിറയെ കാഴ്ചകളൊരുക്കിയാണ് ഏഴുദിവസത്തെ ക്യാമ്പിനു വിടപറഞ്ഞത്.
0 Comments