Ad Code

Latest Updates

6/recent/ticker-posts

സൗജന്യ നേത്ര-ദന്ത ക്യാമ്പ് വന്‍ വിജയം; പങ്കെടുത്തത് 321 പേര്‍

 


തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റ്, ഇടപ്പള്ളി അമൃത ആശുപത്രി, കാലടി ശ്രീഭവാനി ഫൗണ്ടേഷന്‍, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട് ശനി, രാവിലെ ഒമ്പതുമണിമുതല്‍ ഒരുമണിവരെ സൗജന്യ നേത്ര-ദന്ത ക്യാമ്പ് നടത്തി. ദന്ത വിഭാഗത്തില്‍ 169 പേരും നേത്ര വിഭാഗത്തില്‍ 152 പേരുമുള്‍പ്പെടെ ആകെ 321 പേരാണ് സൗജന്യ ക്യാമ്പിന്റെ ഭാഗമായത്.  കോളേജ് മാനേജര്‍ എ.എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃക്കാക്കര നഗരസഭയില്‍ ഇത്തരത്തിലൊരു സൗജന്യക്യാമ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ എന്‍.എസ്.എസ്. യൂണിറ്റിനെയും കോളേജ് മാനേജ്‌മെന്റിനെയും ചെയര്‍ പേഴ്‌സണ്‍ പ്രത്യേകം അഭിനന്ദിച്ചു. സ്‌നേഹാരാമം പദ്ധതിയുള്‍പ്പെടെ നഗരസഭയുമായി സഹകരിച്ച് കെ.എം.എം. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്തവര്‍ തുടര്‍ന്നു ലഭിക്കേണ്ട സൗജന്യ സേവനങ്ങളും, സ്വീകരിക്കണമെന്നു ചെയര്‍പേഴ്‌സണ്‍  പറഞ്ഞു. ഇത്തരത്തിലൊരു സൗജന്യക്യാമ്പ് നടത്താന്‍ എന്‍.എസ്.എസ്. യൂണിറ്റിന് സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മാനേജര്‍ എ.എം. അബൂബക്കര്‍ പറഞ്ഞു. ക്യാമ്പിന് നേതൃത്വം വഹിച്ചവരെ പേരെടുത്തു അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. തുടര്‍ന്നു ക്യാമ്പില്‍ സന്ദര്‍ശനം നടത്തി, എന്‍..എസ്.എസ്. വോളന്റിയേഴ്‌സിനു എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസ അര്‍പ്പിച്ചാണ് നഗരസഭാ അദ്ധ്യക്ഷ മടങ്ങിയത്.

ഇടപ്പള്ളി അമൃത ആശുപത്രിയിലെ നേത്ര-ദന്ത യൂണിറ്റുകളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുടെയും നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ഫ്യൂച്ചറെസ് ഹോസ്പിറ്റല്‍ ഇടപ്പള്ളി, ശ്രീ സുധീന്ദ്ര ഹോസ്പിറ്റല്‍, എറണാകുളം, എന്നിവടങ്ങില്‍നിന്നാണ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള മരുന്നുകള്‍ സൗജന്യമായി ലഭിച്ചത്. ഏകദേശം 15000/- രൂപയ്ക്കുമുകളിലുള്ള മരുന്നുകള്‍ ക്യാമ്പിലൂടെ സൗജന്യമായി വിതരണം ചെയ്തു.

സൗജന്യ തിമിര
ശസ്ത്രക്രിയ 17 പേര്‍ക്ക്

ക്യാമ്പില്‍ പങ്കെടുത്തവരില്‍ 17 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തു കൊടുക്കും. ഒരാള്‍ക്ക് മാത്രമായി ഏകദേശം 35000 രൂപ മുതല്‍ 1.45 ലക്ഷം രൂപ വരെ ചികിത്സയാണ് ഇത്തരത്തില്‍ സൗജന്യമായി ചെയ്തു കൊടുക്കുന്നത്. ദന്ത ചികിത്സയുടെ ഭാഗമായി 60 പേര്‍ക്കാണ് സൗജന്യ ക്ലീനിംഗ്‌ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാകുക. നേത്ര-ദന്ത സംബന്ധമായി മറ്റു ചികിത്സകളോ സേവനങ്ങളോ ആവശ്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുത്തതിലൂടെ ഒന്നിലധികം സേവനങ്ങള്‍ കുറഞ്ഞ ചെലവിലൂടെ ചെയ്യാനുള്ള അവസരവും ക്യമ്പിലൂടെ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്.

പെരുമ്പാവൂര്‍, എടത്തല, കുറുംപ്പുംപടി, കളമശ്ശേരി, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുവരെ ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ക്യാമ്പില്‍ വന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത യൂണിറ്റിലെ എന്‍.എസ്.എസ്. വോളന്റീയേഴ്‌സിന്റെ സേവനവും എടുത്തുപറയേണ്ടതാണ്. ക്യാമ്പിനു ശേഷം നടന്ന അവലോകന മീറ്റിംഗില്‍ അക്കാദമിക് ഡീന്‍ പ്രൊ. വി.യു. നൂറുദ്ദിന്‍ വോളന്റീയേഴ്‌സിന്റെ പ്രത്യേകം അഭിനന്ദിച്ചു.  കോളേജ് പ്രിന്‍സിപ്പല്‍ സബ്‌ന ബക്കര്‍, അക്കാദമിക് ഡീന്‍ പ്രൊ. വി.യു. നൂറുദ്ദിന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ. ജോസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, ധന്യാ കലാധരന്‍, വോളന്റിയര്‍ സെക്രട്ടറിമാരായ റിഥിന്‍ രാജേഷ്, നമിത എസ്, അല്‍ഫിയ സി.എസ്., പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ അമല്‍ കസൂരി, ഗോപിക, ശ്രീ ഭവാനി ഫൗണ്ടേഷന്‍ പ്രതിനിധി ശ്രീകുമാര്‍ നെടുമ്പാശേരി, അമൃത ആശുപത്രി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ ക്യാമ്പിന്  എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments

Comments